Friday, March 30, 2012

പ്രവാസി ...

  ആഗ്രഹങ്ങളും ,  മോഹങ്ങളും, സ്വപ്നങ്ങളും പേറി,
യുവത്വത്തിന്റെ ചൂടും കൊണ്ട് , ...
പെട്രോ ഡോളറിന്റെ മായവലയം കണ്ടു  വന്നണഞ്ഞു ,
ഗെതികിട്ടാ പ്രേതം കണക്കെ പ്രവാസിയായ്‌ അലയവേ , 
ഏറെ കൊതിച്ചിട്ടും  ചിലന്തി  വല 
കെണിയില്‍ നിന്നു തലയൂരാന്‍ പാടുപ്പെട്ടു ,
ഹൃദയം നുറുങ്ങുന്ന വേദനകള്‍ കടിച്ചമര്‍ത്തി 
അര്‍ദ്ധരാത്രികള്‍ നിദ്രാ വിഹീനങ്ങളായി ,
നെടുവീര്‍പ്പുകള്‍ തേങ്ങലായി  തലയിണ 
മന്ത്രം കേള്‍ക്കാന്‍ കൊതിച്ചു കാലം കഴിച്ചു 
ആരെയൊക്കെയോ പഴിച്ചു ഇന്നലെകള്‍ കഴിഞ്ഞു .. .


               ഷുഗറും ,പ്രഷറും ,കൊളസ്ട്രോളും പിന്നെ  തടിയനെന്ന  പ്രമാണിത്തം പേറി   വീടു കേറിടവേ ,പിന്നില്‍ നിന്നാരോ  ചോദിച്ചു ..


'നിന്റെ ജീവിതം  കൊടുത്തു നീയെന്തു നേടി' ..?


ഇരുനില കെട്ടിടത്തിന്‍ മുകളിലേക്ക് ചൂണ്ടി സംതൃപ്തി യടഞ്ഞു 
പുത്തന്‍ കാറില്‍ ചാരി ക്കിടക്കവേ  ഹൃദയം മൊഴിഞ്ഞു ...
        എല്ലാം നേടി ..ഇനി ..???...
            ഒരാത്മഗതം  ..
വയ്യ മടുത്തു ...എല്ലാം നിറുത്തി .. ഇനി വയ്യ 


"സ്വസ്തമായോന്നു ജീവിക്കണം" ...


പിന്നില്‍ നിന്നാരോ പൊട്ടിച്ചിരിക്കുന്നു ,ഒരു കളിയാക്കി ചിരി


പൊട്ടന്‍ !!എവിടെ നിനക്കിനി ജീവിക്കാന്‍ ജീവിതം..!!!


   "ജീവിക്കാന്‍ നിനക്കെവിടെ ജീവിതം ബാക്കി"....?


കണ്ണ് നിറയവേ , നെഞ്ച് പിടയവേ ,ഹൃദയ തുടിപ്പുകള്‍ നിശ്ചലമാകവേ ..


പിന്നെയു മാരൊക്കെയോ
 തമ്മില്‍ പറയുന്നൂ 
     
      എല്ലാംപെട്ടന്നായിരുന്നു ...അറിയിക്കെണ്ടവരെയൊക്കെ'..  
               

Sunday, March 18, 2012

ജീവിതം ..

ജീവിതം ..
ജീവിക്കാനായി  ജീവന്‍ പണയം വെച്ചു ,

ജീവിതം പലിശ ചോദിച്ചപ്പോള്‍ 
ജീവന്‍ പിന്നെയും പണയത്തിലായി . 


എപ്പോഴെന്കിലും നിങ്ങള്ക്ക് ഈ ലോകത്തോട്   വെറുപ്പ്‌ തോന്നിയിട്ടുണ്ടോ

എപ്പോഴെന്കിലും നിങ്ങള്ക്ക്  ജീവിക്കേണ്ട എന്ന് തോന്നിയിട്ടുണ്ടോ ?

എപ്പോഴ്ന്കിലും നിങ്ങള്‍ അത്മഹത്യ യെ കുറിച്ച് ചിന്തിച്ചിട്ടുണ്ടോ ..?

ജീവന്റെ തുടിപ്പ് നിലനിര്‍ത്താന്‍ പാട് പെടുന്ന ഈ ജീവനെ കണ്ടു പഠിക്കൂ

ജീവന്‍ ദൈവം നല്‍കിയ അനുഗ്രഹം ,

അത് തിരികെ വാങ്ങാന്‍ ദൈവത്തിനു  മാത്രം അവകാശം

ജീവിതം ജീവിച്ചു തീര്‍ക്കൂ ..  

Monday, March 12, 2012

സമയം ...

ഓരോരുത്തരുടെ സമയം ...




സമയമില്ലായിമയാണെന്റെ സമയം ..
ആരെയും കാത്തുനില്‍ക്കാതെ, 
ആരോടും പരാതിയില്ലാതെ ,പരിഭവിക്കാതെ
ഇന്നലെകള്‍ ഇന്നിലെക്കും ,
ഇന്നുകള്‍ നാളെയിലെക്കും ,
ഇതിനിടയില്‍ ആരുമറിയാതെ ..
രാവുകള്‍ പകലുകള്‍,
സ്വപ്‌നങ്ങള്‍ മിഥ്യകള്‍,
ഇഷ്ട്ടങ്ങള്‍ അനിഷ്ട്ടങ്ങള്‍,
ആര്‍ക്കോ എന്തിനോ എവിടേക്കോ ..?
സമയമേ എനിക്കായി ഇത്തിരി കാത്താലും ...!!

Tuesday, February 21, 2012

മന്കുണ്ടിലെ പ്രേതം

                                പുല്ലങ്ങോട് ഗവണ്മെന്റ്  ഹൈ സ്കൂള്‍ !!!


              കുന്നിന്‍ മുകളില്‍ ഏറെ സുന്ദരമായ പ്രകൃതി ഭംഗിയാല്‍ അനുഗ്രഹീതമായ 
 ഇംഗ്ലീഷ് അക്ഷരമാലയിലെ ' H ' ആകൃതിയില്‍ വിശാലമായ മുറ്റമുള്ള കലാലയം . 
ക്ലാസ് മുറിയില്‍ നിന്നും നോക്കിയാല്‍ അങ്ങകലെ പശ്ചിമ ഘട്ട മലനിരകള്‍ തല
ഉയര്‍ത്തി മഴ മേഘങ്ങള്മായി   സൌഹൃദം പങ്കുവെക്കുന്ന നയന മനോഹരമായ കാഴ്ചകള്‍..അകലെ ഉയരത്തില്‍ നിന്നും കുതിച്ചു ചാടുന്ന വെള്ളച്ചാട്ടം
ഒരു വെന്ണ്ണ്‌‍മേഘ കീറൂ പോലെ..ഇടയ്ക്കിടയ്ക്ക് സൂര്യന്‍ മഴക്കാറുമായി ഒളിച്ചു കളിക്കുന്നു .താഴെ നോക്കെത്താ ദൂരത്തോളം വനം ...അതിനടുത്തു റബ്ബര്‍ എസ്റ്റേറ്റ്‌ ,
കുന്നുകളും താഴ്വരകളും മലകളുമായി പരന്നു കിടക്കുന്ന റബ്ബര്‍ മരങ്ങള്‍...
ഇടയ്ക്കിടയ്ക്ക് തേക്കും വീട്ടിയും മറ്റു കാട്ടുമരങ്ങളും ഒപ്പം കാട്ടുമൃഗങ്ങളുടെയും
സംഗമ ഭൂമി  . താഴെ കശുമാവുകളാല്‍ നിറഞ്ഞ കുത്തനെയുള്ള നിലം ..ഇവിടമാണ്
ഞങ്ങടെ കൂത്തമ്പലം അഥവാ കുതിരകളി കേന്ദ്രം .പഠനത്തേക്കാള്‍ പമ്പരം ഏറ്‌,
അണ്ടിക്കളി, കൊട്ടിക്കളി ,സാറ്റ് കളി ,കുട്ടിയും കോലും ,ഇത്യാതി കളികളുടെ കൂത്തരങ്ങു
കേന്ദ്രം ... ഞങ്ങളെ പോലെയുള്ള  കൊസ്രാ കൊള്ളികളുടെ കൂത്തമ്പലം .
  
സ്കൂളില്‍ അണ്ടിതോട്ടം ഞങ്ങള്‍ കുട്ടികള്‍ക്ക് തീറെഴുതി തന്നതിനാല്‍
അണ്ടിക്ക് പൈസ വേണ്ട .പറങ്കി മുചിക്ക് ചോട്ടില്‍ നേരെത്തെ പോയി
ആരും കാണാതെ 'പൊക്കിയാല്‍' മതി ..യൂനിഫോം അണ്ടിക്കറയാല്‍ സുലഭം ..
ഉമ്മന്റെ വക ചീത്ത സുല സുലഭം .. അണ്ടിക്കളി അതി ഗംഭീരം ..പഠിത്തം കമ്മി കളി കളിയോട് കളി ... ജീവിതം ജോളി ..പരീക്ഷക്ക്‌ തോല്‍വി ജോര്‍.ജോറോട് ജോര്.‍
                           സ്കൂളില്‍ ഷിഫ്റ്റ്‌ ആയതിനാല്‍ ഉച്ചക്ക് ക്ലാസ്‌ കഴിഞ്ഞു വീട്ടില്‍ ...
പിന്നെയും കളി എന്ന പരിപാടിയിലേക്ക് പോകാതിരിക്കാന്‍ വീട്ടുകാര്‍ കണ്ട ഉപായം ,
കൈത്തൊഴില്‍ പഠിക്കാന്‍ പറഞ്ഞു വിടുക എന്ന ക്രൂര കൃത്യം തന്നെ ചെയ്തതിനാല്‍   
 എന്നും ഉച്ചമുതല്‍ ഇരുട്ടുന്നത് വരെ ടൈലര്‍ ഷോപ്പില്‍ അടയിരിക്കനായിരുന്നു വിധി .‍


                               ഇങ്ങിനെ ജീവിതം  ജോളി യായും ,ജോലിയായും  പോകുന്ന കാലത്ത്
ഒരു ദിവസം കടയില്‍ എന്തോ തിരക്ക് കാരണം സമയം ഏറെ വൈകി ..രാത്രി
സാധാരണ വൈകിയാല്‍ ബസ്സിലാന്നു കളികാവിലേക്ക് പോവുക ..അന്ന് ബസ്സും കിട്ടിയില്ല.ഒറ്റയ്ക്ക് പോകാതിരിക്കാന്‍ ഒരുപാട് നേരം ആരെങ്കിലും
അങ്ങോട്ടുപോകുന്നുണ്ടോ എന്നും നോക്കി നിന്ന് വീണ്ടും വൈകി .ഏറെ കാത്തു രക്ഷയില്ലാതെ മെഴുതിരിയും തീപ്പെട്ടിയും വാങ്ങി നടന്നു .കൂരി കയറ്റം വരെ
 'വള്ളിമ്മലെ വെളിച്ചം ' പിന്നെ 'ഇരുട്ടിന്റെ ഇരുട്ട് 'അറിയാന്‍ തുടങ്ങി .
വഴിയിലെങ്ങും ഒരാളുടെയും പൊടിപോലുമില്ല കണ്ടു പിടിക്കാന്‍  .
ഇറക്കം മുതല്‍ മെഴുകുതിരി കത്തിച്ചു .ഒറ്റക്കാണന്ന തോന്നല്‍ കാരണം
മനസ്സില്‍ വല്ലാത്ത പേടി .
തലേന്ന് കൂട്ടുകാരന്‍ പറഞ്ഞ' കളിയംകാട്ടു നീലി 'എന്ന സിനിമ കഥ മനസ്സില്‍ തികട്ടി വരാന്‍ തുടങ്ങി ..തുറിച്ചു കണ്ണുകള്‍..പല്ലുകള്‍ നീണ്ടു ..മുടി കെട്ടഴിച്ചു.. കൈ നിറയെ 
നീണ്ട നഖങ്ങളൂമായി  യക്ഷി മുന്നില്‍ വന്നു നിന്ന പോലെ ..ഹൃദയം പട പടാ
 മിടിക്കാന്‍ തുടങ്ങി...കുറച്ചു ദൂരെ പണ്ട് മണ്ണിടിഞ്ഞു വീണു മൂന്നാലുപേര്‍ മരിച്ച  സ്ഥലം ..
കുപ്രസിദ്ധമായ മന്കുണ്ട് ...
പകല്‍ പോലും അതിലൂടെ പോകുന്നത് പേടി ..പിന്നെ രാത്രി പറയണോ ?
മന്കുണ്ട് മനസ്സില്‍ നിറയാന്‍ തുടങ്ങി ..ഇനി കുറച്ചു ദൂരം ..
                 കയ്യില്‍ മെഴുതിരി കത്തുന്നു ...കേടാതിരിക്കാന്‍ തീപ്പെട്ടി കൈകുള്ളില്‍ തന്നെ വെച്ചിട്ടുണ്ട് ..മന്കുണ്ടിനും കയറ്റത്തിനും ഇടയില്‍ കുറച്ചു പാടം.
വിജനമായ സ്ഥലം...പേടി കാരണം  ഇടയ്ക്കിടയ്ക്ക് ബാക്കിലെക്കും
പിന്നെ മുന്നിലേക്കും നോക്കി  നടക്കുകയാണ് .. പാടം കഴിഞ്ഞു ..
മണ്ണിടിഞ്ഞ സ്ഥലത്തിനടുത്ത് കുഴിയില്‍ നിന്നും പോക്കാന്‍ തവളകളുടെ
 ശ്രുതി തെറ്റതെയുള്ള സംഗീത  കച്ചേരി .. എവ്ടെ നിന്നോ  നായയുടെ
മോങ്ങല്‍ .. ചീവിടുകളുടെ ആരോഹണ അവരോഹണ മല്‍സരം ...
ഞാന്‍ നടത്തത്തിന്   സ്പീട് കൂട്ടി ..അവിടെമാകെ കുണ്ടും കുഴിയും
 ആകെ ചളിക്കുളം..എവിടെയോ ചിലങ്കയുടെ  ശബ്ദം...തോന്നലാണോ ..അറിയില്ല .
ഹൃദയ മിടിപ്പ് വീണ്ടും കൂടി ..കുറച്ചു കൂടി നടത്തത്തിന് വേഗത കൂട്ടി ..അറിയാവുന്ന എല്ലാം ചൊല്ലി ..പടച്ചോനെ മനസ്സില്‍ വിചാരിച്ചു പിന്നെയും കുറച്ചു ദൂരം പോയി കാണും ..
                ...പെട്ടന്ന്

       മുകളില്‍ നിന്നിം ശ് ശ് ശ് ശ് ശ് ശ് ...പ് ദദോ ..ഒരു ഭയാനക ശബ്ദം താഴേക്കു  ..
ആകാശം ഇടിഞ്ഞു പൊളിഞ്ഞു വിഴുന്ന പോലെ ... ഞെട്ടി തരിച്ചു ഞാന്‍..ഒരു വിറയല്‍ .. .ഒരു ആളല്‍ ..പേടികൊണ്ട് കാലിനടിയില്‍ നിന്നും വിറയല്‍ കൂടി കൂടി വരുന്നു .
 മുന്നിലേക്കും പിന്നിലേക്കും നോക്കി ഒന്നും കാണാനില്ല ..ഞാന്‍ എന്നെത്തന്നെ മറന്ന പോലെ ,പെട്ടന്ന് കയ്യിലിരുന്ന തീപ്പെട്ടിയിലേക്ക് മെഴുക് തിരിയില്‍ നിന്നും തീ ആളി ..
തീപ്പെട്ടി  കത്തി കൈപൊള്ളി .. മെഴുതിരിയും തീപ്പെട്ടിയും ഞാനറിയാതെ എവ്ടെക്കോ തെറിച്ചു ..ഇടി വെട്ടിയവനെ പാമ്പ് കടിച്ചു എന്ന് പറയുന്ന അവസ്ഥ .
എന്ത് ചെയ്യണമെന്നറിയാതെ ഒന്ന് രണ്ടു മിനിറ്റ് ..പിന്നെ മുന്നും പിന്നും നോക്കാതെ
ഒറ്റ ഓട്ടം .എവ്ടെയോക്കെയോ തട്ടി തടഞ്ഞു  വീണു ..എനിട്ടു വീണ്ടും ഓടി ..
ഗയിറ്റും പടിയില്‍ എത്തിയപ്പോള്‍ വീട്ടിലേക്കുള്ള വഴിയിലൂടെ കുറച്ചു പേര്‍
ടോര്‍ച്ചും തെളിച്ചു ...അവരോടൊപ്പം ഞാനും ..
       പിന്നീട് ഞാനറിഞ്ഞു ..ആകാശം പതിവിലും സുന്ദരമായി അവിടെ തന്നെയുണ്ട് .
മുകളില്‍ നിന്നും താഴേക്ക്‌ വന്നത് മറ്റൊന്നുമല്ല ..ഒരു കമുങ്ങിന്‍ പട്ട .
തൊട്ടടുത്ത കമുങ്ങുകളില്‍ ഉരസി താഴേക്ക്‌ വന്ന ഒച്ചയാ ഞാനാ കേട്ടത് .
നട്ട പാതിരാക്ക് കമുങ്ങന്മാര്‍  എനിക്കിട്ടു തന്ന ഒരു സുന്ദരന്‍ പണി ..

                 

Wednesday, February 15, 2012

ആദ്യം പാടിയ പാട്ട് ..

      സ്കൂളില്‍ പഠിക്കുന്ന കാലം ..പുതുതായി വന്ന ടീച്ചര്‍ എല്ലാ കുട്ടികളെയും പരിച്ചയപെടുകയാണ്,
പേര് ,വീട്ടുപേര് ,ഏറ്റവും നന്നായി പഠിക്കുന്ന കുട്ടികള്‍ ,ഏറ്റവും നന്നായി ചിത്രം വരയ്ക്കുനന്നവര്‍, നന്നായി പാട്ടുപാടുന്നവര്‍ എല്ലാം ചോദിച്ചറിയുകയാണ്,
എല്ലാവരും അവരുടെ കഴിവുകള് ടിച്ചറെ കാണിക്കാന്‍ മത്സരിക്കുന്നു .
‍ ഏറ്റവും നന്നായി പാടുന്ന കുട്ടികള്‍ കൈപോക്കാന്‍ പറഞ്ഞപ്പോള്‍
മേലും കീഴും നോക്കാതെ ഞാനും പൊക്കി ഒരു കൈ ..
അത്യാവിശ്യം കുറച്ചൊക്കെ പാടുമെന്ന ധൈര്യത്തില്‍ തന്നെ ..മുന്ബെന്ച്ചില്‍
ആദ്യമിരിക്കുന്ന എന്നെത്തന്നെ ആദ്യമായി പാടാന്‍ എല്ലാവരും കൂടി ചൂണ്ടികാട്ടി.
ടീച്ചറെ മുന്നില്‍ ആളാവാന്‍ കിട്ടിയ അവസരം ..അമാന്തിച്ചില്ല.. ടീച്ചറിരിക്കുന്ന
മേശക്കടുത്ത് വന്നു എല്ലാവരെയും ഒന്ന് നോക്കി തൊണ്ട ശരിയാക്കി ...
ആദ്യമായി പാടുകയാണന്ന കൂസലോന്നു മില്ലാതെ  പിന്നെ വെച്ച് കീറി ....
"സുമന്കലി നീ ഒര്മ്മിക്കുമോ
സ്വപ്നത്തിലെങ്കിലും ഈ ഗാനം" ..
പാടി തീര്‍ന്നില്ല ..ഫ്ഫ.. നിന്നെ ഞാന്‍.. ഒരലര്‍ച്ച !ക്ലാസ്സാകെ  കിടിലം കൊണ്ട് ..
ഞാനാകെ ഞെട്ടി തരിച്ചു..! എല്ലാരും  ഭയന്ന് വിറച്ചു ..!ടീച്ചറെ  മുഖം ദേഷ്യം കൊണ്ട്
ചുവന്നു തുടുത്തു.. കുറച്ചു നേരം എന്നെത്തന്നെ നോക്കി നിന്നൂ
പിന്നെ ചോക്കും ബുക്ക് മെടുത്തു ക്ലാസിനു പുറത്തേക്ക്..
എന്ത് പറ്റി ? ..എന്താപ്രശ്നം ..?എല്ലാരും മുഖത്തോട് മുഖം നോക്കുന്നു ?
എന്താ പ്രശ്നം ..? ആര്‍ക്കുമറിയില്ല ..ഞാനാകെ അമ്പരന്ന് കുന്തം വിഴുങ്ങിയ പോലെ .
അവസാനം കാരണമറിഞ്ഞപ്പോള്‍ എല്ലാരും കൂടി  കൂട്ടചിരി ..
എന്റെ കഷ്ട്ടകാലത്തിന് ആ ടീച്ചറെ പേര് 'സുമങ്കലി  എന്നായിരുന്നു .

Thursday, February 9, 2012

കുഞ്ഞാപ്പു എന്ന പ്രവാസി ..(1)

                 (കുഞ്ഞാപ്പുവിനെ കുറിച്ച് ഇത്തിരി ..പ്രവാസിയാകുന്നതിനു മുന്‍പ്
"അറിവില്ലായിമയാണ് എന്റെ അറിവ് "എന്ന തിരിച്ചറിവുള്ള  ഒരു സാധാണക്കാരന്‍,
ജാടകളോന്നും തൊട്ടു തീണ്ടാത്ത തെളിഞ്ഞ ഹൃദയവും വലിയ മനസുമുള്ള  എല്ലാരേയും
സ്നേഹിക്കാന്‍ മാത്രം അറിയുന്ന  ഒരു പാവത്താന്‍ ആ പഴയ കഥകള്‍ അയവിറക്കുകയാണ്..)
  
എല്ലാ ചെങ്ങായി മാര്‍ക്കും സലാം ..!!!
                ഞമ്മള്  കുഞ്ഞാപ്പു ..ഒരു സന്തോസ വാര്‍ത്ത പറയ്യാം വന്നതാ ..ഞമ്മക്ക് പാസ്പോര്‍ട്ട് കിട്ടി ..!!
ആ സന്തോസം പറയാം പോരിണ വജ്ജ്ല് ഒരു നായിയങ്ങട്ടു പിന്നാലെ കൂടി ..പാസ്പോര്‍ട്ടും
കജ്ജു പുടിച്ച് പായിണ്ണ പാച്ചില് കണ്ടപ്പോ  നാട്ടാര് ചോയിചാ ..."ഇജ്ജ്‌ എന്താടാ പാസ്പോര്‍ട്ട്
കിട്ടിയ പോയേക്കും ഗള്‍ഫ്ഫ്ക്ക്  മന്ടാന്‍ നോക്കാന്ന്..." ഒലക്ക്റിയോ  ഞാന്‍ നായി പാച്ചില് പായാന്നു .ആരോ പറീനത് കേട്ടൂ ..ഓന് മന്ടിയ വജ്ജില് പുല്ലു മൊളകൂലാന്നു ..
                              ഞമ്മള്  നാളെ ഉംറ അടിച്ചാന്‍ പാസ്പോര്‍ട്ട് കൊന്‍ടോയി കൊടുക്കും .ഞ്ഞി
ആരോടും പറഞ്ഞിലാന്നു പറയണ്ട  .ഞമ്മക്കും മാണം അക്കരെ ഒക്കെ ഒന്ന് കാണ്‌ാ..
കൊറേ കാലായി ആ  പൂതീം കല്ബില് കൊണ്ട് നടക്കാണ്..
                            ഞമ്മള് കൊയിക്കൊട്ടുക്ക് പോയ കഥ ങ്ങള് അറിഞ്ഞോ ..? .ല്ലേ ..?
പടചോന്നെ !! ന്നാ കേട്ടോളീം,..
കളിയാവു ക്കുടെ ഒട്ടോറിചില്  മീന്‍ കൊണ്ടോയി വിക്കിണ  ഞമ്മക്കെവേടെ കൊണ്ടോട്ടീം
കൊയിക്കോടും ഒക്കെ കാണാന്‍ നേരം ..അപ്പ്ളാ ഞമ്മളെ പൂതി പോലെ അവിടെ പോകാന്‍
പടച്ചോന്റെ വിധി പാസ്പോര്‍ട്ടിന്റെ അപേച്ച  രൂപത്തില് വന്നത് .
                             പാളയത് ബസ്സ്റങ്ങി  പിന്നെ  മാവൂര് റോഡ്ലെ  ആനവണ്ടി ബസ്‌ സ്ടുണ്ടിന്റെ
മുന്നിലെ പാസ്പോര്‍ട്ട് ഓഫിസില് പോയി .ഒട്ടോറിച്ച അവിടുക്ക് പത്തു രുപ്പിയ വാങ്ങി ..
കാളിയാവുന്നു കൊയികൊട്ടെക്ക്  ബസ്സിനു ആകെ ഏയ് രുപ്പേം ആയിമ്പതു പൈസേം ...
എന്താ ഓന്റെ ഒക്കെ നെഗളിപ്പ് ..?
ഇന്നത്തെ കാലല്ലട്ടോ ..പത്തിരുപതു കൊല്ലം മുന്നത്തെ കാര്യാ ഞാന്‍ ഈ പറയെന്നതൊക്കെ ആ ഒരു ഓര്മ ഇങ്ങക്ക് എപ്പളും വേണം  പറഞ്ഞേക്കാം ..
           പാസ്പോര്ട്ട് ഓപിസിന്നു ഏറന്ഗ്യപ്പോ കൊറച്ചപ്പോറത്തു സിനിമാളിന്റെ മുന്നില് ഭയങ്കര തെരക്ക്   ..നോക്കുമ്പോ ഞമ്മളെ മോഹന്‍ലാലിന്റെ സിനിമ .".വന്ദനം "
ടിക്കെറ്റിനു തെരക്കിട്ട് കാര്യല്ലന്നു
കണ്ടപ്പോ ഞമ്മള് നേരെ 'നെലംബുരില് ' കാട്ടിനെ പോലെ ഗേറ്റ് എടുത്തു ചാടി ..ഞമ്മക്കരിയോ
ഈ പഹയന്‍ പോലീസ് കാരു അവടെ നിക്കണത് ..പിടിച്ചു രണ്ടെണ്ണം തന്നു ..ഗേറ്റ് മ്മേ കേറി
ഞമ്മളെ തുണീം കീറി അത്രന്നെ ..'അടീം കിട്ടി തുണീം കീറി ന്നു പറഞ്ഞപോലെയായി ,' അതും മാങ്ങി ഞമ്മള് തടിടുത്തു ..കടലും കടപ്പോറോം ഒക്കെ കാണാന്‍ പൂതിണ്ടയിനു ..പച്ചേ  കാണാനുള്ള പൂതി ഒക്കെ അതോടെ തീര്‍ന്നു ..
                               ബാക്കി ഞ്ഞും ന്ടുട്ടോ ..കൊറേ കാര്യങ്ങള് പറയാണ്ട് ..
ഇപ്പം സമയല്ല  ഞാന് കൊറച്ചു കൊറച്ചു പറഞ്ഞു തര ..."
ഒന്നായിട്ടു മുന്ണ്‌ങ്ങിയാ അണ്ണാക്കില് കുടുങ്ങും " അതോണ്ടാ ..
 ഒരു സന്തോസ  വാര്‍ത്ത ണ്ട് .. അക്കരയ്ക്കു പോകല്ലേ ..!!അപ്പ ഇങ്ങനെ ആയാ പറ്റൂലാന്നു എല്ലാരും പറഞ്ഞു ,അതൊണ്ട് ഞാന്‍ സാച്ചരതാ ക്ലാസ്സില് പോകാന്‍ തൊടങ്ങി . 
ഞ്ഞി ങ്ങള് നോക്കികൊ കൊറച്ചുംകൂടി കയിഞ്ഞാല്‍ കുഞ്ഞാപ്പു എന്താന്നു ഇങ്ങക്ക്
സരിക്ക് കാണാം ട്ടോ ..
                                              തുടരും ..
വര അഭി (കാര്‍ടൂണ്‍ കോര്‍ട്ട് )

Monday, January 9, 2012

വീണ്ടും ചില നാട്ട് വിശേഷങ്ങള്‍...

 ബുധനാഴ്ച...
      എസ്റ്റേറ്റില്‍ കൂലി കിട്ടുന്ന ദിവസം. അന്നും ഇന്നും ഈ ദിനം  നാട്ടുകാര്‍ക്ക്
 സന്തോഷത്തിന്റെ ദിനം  തന്നെ..ആ കാലത്ത് മിക്കവാറും എല്ലാ വിടുകളിലും
ദിവസങ്ങളില്‍ മാത്രം സുഭിക്ഷ മായി ഭക്ഷണം കിട്ടുന്ന സമയം......ഒപ്പം ചന്തയും ..
                            ഒരു  ബുധനാഴ്ച ..വണ്ടൂര്‍ റോഡിന്‍റെ ഓരം ചേര്‍ന്ന് നിര്‍ത്തിയിട്ട
 ബസ്സിന്റെ ഇരു വാതിലിനു ചുറ്റും തിക്കി തിരക്കി ഒരുപാട് പേര്‍ ,ബസ്സ്‌ നിറയെ ആളുകള്‍
മിക്കവാറും ആളുകള്‍ ചന്തയിലേക്ക് .അങ്ങ് മിങ്ങും ഏറെ പേര്‍ സൈകിളിലും നടന്നും നീങ്ങുന്നു .
യുസുഫ്ക്ക ബസ്സിലേക്ക് കൈ ചൂണ്ടി "വണ്ടൂര്‍ മഞ്ചേരി ..കേറാനുള്ളവര്‍ പെട്ടന്ന് പെട്ടന്ന്"
 വിളിച്ചു പറയുന്നു ,കുറച്ചപ്പുറത്ത് ഒരു പെട്രോള്‍ ജീപ്പിന്റെ സെല്ഫടിക്കുന്ന ശബ്ദം..
 സൈക്ലിന്റെ ബെല്ലടിയും ആളുകളുടെ കലപില ശബ്ദവും വണ്ടികളുടെ ഹോണ്ണടിയും .. മൂന്നും കൂടിയോടം ആകെപ്പാടെ ശബ്ദ മുഖരിധം .. റോഡിന്‍റെ സൈഡിലൂടെ  ഉപ്പാന്റെ കയ്യില്‍ തൂങ്ങി
വള്ളി നിക്കറും കുപ്പായവും കയ്യില്‍ ഒരു സഞ്ചിയുമായി പത്തു വയസുകാരന്‍കൌതുക
 കാഴ്ചകള്‍ കണ്ടു  അമ്പരന്ന ചിന്തകളുമായി  അങ്ങാടി ചന്തയിലേക്ക് നടക്കുകയാണ്.
                          വണ്ടൂര്‍ റോഡിന്‍റെ വലതു ഭാഗത്ത്‌ പഴയ അര്‍ബന്‍ ബേങ്ക് കെട്ടിടം,
മുന്നില്‍  ചെറിയൊരു മതില് ‍നടുക്കായി ഒരു ഗയിറ്റ്‌ ,ഉള്ളിലേക്ക് കേറൂന്നിടത് വലിയൊരു ഗ്രില്‍
മതിലിനപ്പുറത്ത് റോഡിലേക്ക്പകുതി  തള്ളി ഒരു പൊട്ട കിണര്..അതിനടുത്തായി ഒന്നുരണ്ടു ജീപ്പുകള്‍ ..കിണറ്റിന്‍ പടവിലിരുന്നു രണ്ടുമൂന്നു പേര്‍  തമാശകള്‍ പറഞ്ഞു ചിരിക്കുന്നു .
റോഡിന്റെ വലതുഭാഗത്ത്‌ നീണ്ട മുള്വേലിക്കപ്പുറത്ത് ഇടതിങ്ങി നില്‍ക്കുന്ന
കമുങ്ങിന്‍ തോട്ടം ..ഇടതു ഭാഗത്ത്‌ നിറയെ താളും ,പുല്ലും ഒരു പനയും.വെള്ളകെട്ടില്‍നിന്നു തവളകളുടെ നിര്‍ത്താതെയുള്ള കരച്ചില്‍,വലിയ പാലമാരത്തിന്‍ അപ്പുറത്ത് വാസുവേട്ടന്റെ വര്‍ക്ക്ഷോപ്പ്.അതിനു മുന്നിലൂടെ റോഡിലേക്ക് കല്ലുകള്‍ പാകിയ വഴി .
          അവിടം മുതല്‍ ചെറിയകയറ്റം എതിര്‍ വശത്ത്പുഴയിലെക്കിറങ്ങാന്‍ 
കുത്തനെയുള്ളചെറിയൊരു വഴി,അതിനടുത് മോട്ടോര്‍ പുര .തൊട്ടു തന്നെ ഇടതൂര്‍ന്ന
പടര്‍ന്നു നില്‍ക്കുന്ന വലിയൊരു മരം,ഇടതു വശത്ത് രണ്ട്മൂന്ന് പനകള്‍ ..അപ്പുറത്ത് 
ചെറിയമരത്തിലേക്ക്പടര്‍ന്നു കയറിയ വെള്ളിലകള്‍ കാറ്റില്‍ ആടിക്കളിക്കുന്നു.
വെളുത്ത്തിളങ്ങുന്ന ആ ഇലകള്‍കാണാന്‍ നല്ല ഭംഗി ..ഇവിടം മുതല്‍  കാളികാവ്
പാലത്തിന്റെ തുടക്കം .
                             പാലത്തിന്റെ കൈവരിയുടെ മുകളിലേക്കും താഴേക്കും കേറിയും ഇറങ്ങിയും പിന്നെ പുഴയിലേക്ക് കൌതുകത്തോടെ നോക്കിയും നടക്കുകയാണ് ഞാനെന്ന ആപത്തുവയസുകാരന്‍. പാലത്തിന്റെ കൈവരിയില്‍ കൈ താങ്ങി എന്തോ ഓര്‍ത്തു നില്‍ക്കുന്ന ഉപ്പ . എന്തോ പറയാനുള്ള പുറപ്പാട് എന്ന് മുഖം കണ്ടാല്‍ അറിയാം ...
പഴകാല ചരിത്രങ്ങള്‍ പറയാന്‍ ഉപ്പയ്ക്ക് എന്നും ഏറെ ഇഷ്ട്ടം..കേള്‍ക്കാന്‍ എനിക്കും  ..
ആ മുഖത്തേക്ക് തന്നെ നോക്കി ഞാന്‍ നിന്നു.ആ മനസ്  എനിക്ക് മുന്നില്‍ തുറക്കുകയാണ് .
കേള്‍ക്കാനായി ഞാന്‍ കാതോര്‍ത്ത്‌ നിന്നു . ഉപ്പ പറയാന്‍ തുടങ്ങുകയാണ് ..!!!
               നിനക്കറിയോ ഈ പാലത്തിനു നമ്മുടെ കുടുംബവുമായിയുള്ള ബന്ധം..???
കേട്ടോളൂ ..
           പണ്ട് ..കുറെയേറെ കാലം മുന്‍പ്..അന്ന് ലോറിയുള്ള ചുരുക്കം ചില ആള്കളില്‍ പെട്ട ഒരാളായിരുന്നു നിന്റെ വല്യുപ്പ ....അന്നത്തെ കാലത്ത് പുല്ലങ്ങോട്ടെ എസ്റ്റേറ്റില്‍ നിന്നും 
ഒട്ടുപാലും മറ്റും കൊച്ചിയിലെക്കോ മറ്റോ കൊണ്ട് പോയിരുന്നത് ആ ലോറിയില്‍ ആയിരുന്നു .
ഒരു ദിവസം ലോഡുമായി പോകുന്ന വണ്ടിയില്‍ വഴിയില്‍  നിന്നും ഒരു സ്വാമി കേറി ..
ലോഡുമായി കാളികാവ്  പാലം കേറിയ ലോറി പാലം മുറിഞ്ഞു പുഴയിലേക്ക് മറിഞ്ഞു .
വിധി എന്നല്ലാതെ എന്ത് പറയാന്‍ ..? അവനവന്റെ വിധി നമുക്ക് തടുക്കാന്‍ പറ്റില്ലല്ലോ .
ആ സ്വാമി സംഭവസ്ഥലത്ത് വെച്ചുതന്നെ മരിചൂ ,പിന്നെ ഒരുപാട് പ്രശ്നങ്ങള്‍,
 പ്രയാസങ്ങള്‍... ആ സംഭവത്തിന്‌ ശേഷമാണ് നാം ഇങ്ങിനെയായത്
പിന്നീടാണ്‌  ഈ പാലം വന്നതും .   ഉപ്പ പറഞ്ഞു നിറുത്തി ...
                    ആ കണ്ണുകള്‍ നിഞ്ഞു തുളുബിയിരുന്നു .


           എന്റെ നാടിനെ എനിക്കെങ്ങിനെ സ്നേഹിക്കാതിരിക്കാന്‍ പറ്റും ..
എന്നെ ഞാനാക്കിയത്  ഇവിടെയാണ് ..ഈ പുഴ എന്റെ കുടുംബത്തില്‍ പെട്ടതാണ്,
ഈ അങ്ങാടിയും റോഡുകളും എന്റെ പൂര്‍വികരുടെ കാല്പാടുകള്‍ പതിഞ്ഞതാണ്,
അതെനിക്ക് വഴികാട്ടിയല്ലേ ..? ഈ നാടും നാട്ടുകാരും എനിക്ക് പ്രിയപ്പെട്ടവരാണ്
എന്റെ സ്വന്തത്തെ പോലെ,എന്റെ കൂടെ പിറപ്പിനെ പോലെ..ഞാനെന്റെ നാടിനെ  
സ്നേഹിക്കുന്നു എന്നും എപ്പോഴും ...
                    ഞങ്ങള്‍ വീണ്ടും  നടക്കുകയാണ് ...ചന്തയിലേക്ക് ...